വിപിഎസ് ലേക്ഷോറിൽ
ലോകത്തിലെ ആദ്യ എൻഡോ-റോബോട്ടിക് ശസ്ത്രക്രിയ
അന്നനാളത്തിലെ ക്യാൻസറിന് പൂർണ സുഖപ്പെടൽ
കൊച്ചി, 05 ഫെബ്രുവരി, 2024 -അന്നനാളത്തിന്റെ തുടക്കഭാഗത്തെ കാൻസറിന് ലോകത്ത് ആദ്യമായി എൻഡോ-റോബോട്ടിക് സർജറി വിജയകരമായി നടത്തി വിപിഎസ് ലേക്ഷോർ ആശുപത്രി. അന്നനാളത്തിന്റെ തുടക്ക ഭാഗത്തു വരുന്ന പോസ്റ്റ് ക്രൈകൊയ്ഡ് (Post Cricoid) ഭാഗത്തെ ക്യാൻസറുകൾ ചികിത്സിക്കാൻ അന്നനാളം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് സാധാരണയായി ചെയ്യുന്നത്. ഇത്തരമൊരു കാൻസർ ചികിത്സിക്കാൻ പുതിയൊരു രീതി കണ്ടുപിടിച്ചിരിക്കുകയാണ് വിപിഎസ് ലേക്ഷോറിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി, മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ.
75 വയസ്സുള്ള പാലക്കാടുകാരിയായ ദേവകിയമ്മയ്ക്ക് അന്നനാളത്തിന്റെ തുടക്ക ഭാഗത്തുള്ള പോസ്റ്റ് ക്രൈകൊയ്ഡ് ഭാഗത്തെ ക്യാൻസർ ആയിരുന്നു. തുടക്കത്തിൽ ഇതിനായി റേഡിയേഷൻ ചികിത്സ നടത്തിയെങ്കിലും ക്യാൻസർ മാറിയില്ല . ഇതിനെ തുടർന്ന് ഫുൾ ബോഡി സ്കാൻ എടുത്തു നോക്കിയപ്പോൾ മറ്റു ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടില്ല എന്ന് ബോധ്യമായി.
സാധാരണഗതിയിൽ ഈ അവസ്ഥയിൽ തൊണ്ടയും അന്നനാളവും നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റു ഭാഗ...